കോട്ടക്കൽ: ലഹരിക്ക് അടിമപ്പെട്ടവർക്ക് മാനസികവും ശാരീരികവുമായ ശാസ്ത്രീയ ചികിത്സ നൽകാൻ ഉദ്ദേശിച്ച് ഐ.എം.ബിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡി അഡിക്ഷൻ പദ്ധതിയുടെ ലോഞ്ചിംഗ് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാകാൻ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്ക് അടിമപെട്ടവർക്ക് മതിയായ ചികിത്സ ലഭ്യമാക്കണം. ചികിത്സ ലഭിക്കാത്തത് കൊണ്ട് ഒട്ടനവധി പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്. എല്ലാ ലഹരികൾക്കുമെതിരെ ബോധവൽക്കരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനാസക്തിയെ ലളിതവൽക്കരിച്ചു കൊണ്ടുള്ള ‘ലഹരി വിരുദ്ധ’ പ്രവർത്തനങ്ങൾ അപഹാസ്യമാണെന്നും, മദ്യത്തിന്റെ ഉത്പാദനവും വിപണനവും വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടി പിൻവലിക്കണമെന്നും ഐ എം ബി ആവശ്യപ്പെട്ടു.
ഐ എം ബി സംസ്ഥാന തല സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിയുടെ മാതൃകാ കേന്ദ്രവും ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. . ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ അധ്യക്ഷനായി.
ഡോ ഹുസൈൻ മടവൂർ, കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി ഡി അഡിക്ഷൻ പ്രോജക്റ്റ് അവതരിപ്പിച്ചു. എ പി അബ്ദുൽ സമദ്, ഡോ എ ഐ അബ്ദുൽമജീദ് സ്വലാഹി, ഡോ നൗഫൽ ബഷീർ, ശരീഫ് മേലേതിൽ, സുഹ്ഫി ഇമ്രാൻ, സിറാജ് ചേലേമ്പ്ര, ഡോ എൻ സി അഫ്സൽ, ഡോ സി മുഹമ്മദ് ,
കെ എൻ എം ജില്ലാ പ്രസിഡൻറ് ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, കുഞ്ഞിപ്പ മാസ്റ്റർ, ഡോ ഹമീദ് ഇബ്രാഹിം, ഡോ ഹംസ തയ്യിൽ, ഡോ ഉമ്മർ, ഡോ മുഹ്സിൻ, ഡോ നസറുദ്ദീൻ,ഡോ അഹമ്മദ് കുട്ടി, ഹാഷിം ഹാജി ഡോ അബ്ദു റഹിമാൻ, അഫ്സൽ മടവൂർ, അൻവർ പരപ്പനങ്ങാടി, ഡോ പി പി മുഹമ്മദ്, ഹംസത്ത് ,ബപ്പൻ കുട്ടി എന്നിവർ പ്രസംഗിച്ചു
ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ഗ്രൂപ്പ് -വ്യക്തി കേന്ദ്രീകൃത സൗജന്യ കൗൺസലിംഗ് സേവനം എന്നിവ കേരളത്തിലെ ഐ.എം.ബി ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് പ്രഥമഘട്ടത്തിൽ നൽകും. ചികിത്സ ആവശ്യമുള്ളവർക്ക് സൈക്യാട്രിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തും. കിടത്തി ചികിത്സയിലൂടെ പൂർണമായി രോഗവിമുക്തി ആവശ്യമുള്ളവർക്ക് ആശുപത്രി കേന്ദ്രീകരിച്ച് ഡീ ടോക്സ് ചികിത്സ നൽകും. 1987 പ്രവർത്തനമാരംഭിച്ച ഇന്റഗ്രേറ്റ്ഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി), പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററുകൾ, ഡയാലിസിസ് സെൻററുകൾ, സൗജന്യ ക്ലിനിക്കുകൾ, ഫ്രീ ഡ്രഗ് ബാങ്കുകൾ, കൗൺസിലിംഗ് സെന്ററുകൾ എന്നിവ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിൽ നടത്തിവരുന്നുണ്ട്.