കൊച്ചി– രാഹുലിന്റെ പത്രസമ്മേളനം കഴിഞ്ഞ് നിമിഷങ്ങൾക്കകം മറുപടിയുമായി ട്രാൻസ്‌വുമൺ അവന്തിക രംഗത്ത്. തനിക്കെതിരെ രാഹുൽ ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു എന്ന അവന്തികയുടെ ആരോപണം പത്രസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിരുന്നു. തുടർച്ചയായി ലൈംഗികാരോപണങ്ങൾ വന്നതിനെ തുടർന്നാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.
അവന്തികയുടെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. രാഹുൽ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് അവന്തിക ഒരു മാധ്യമപ്രവർത്തകനോട് പറയുന്ന ശബ്ദരേഖയാണ് രാഹുൽ പുറത്തുവിട്ടത്. എന്നാൽ, അന്ന് പരാതി പറയാതിരുന്നത് ഭയം കൊണ്ടാണെന്നാണ് അവന്തികയുടെ പ്രതികരണം. ആഗസ്ത് ഒന്നിന് റെക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇതെന്നും അവന്തിക പ്രതികരിച്ചു.
രാഹുലിനെതിരെ വെളിപ്പെടുത്തലുമായി വന്നതിന് ശേഷം താൻ നേരിടുന്നത് വലിയ പ്രശ്നങ്ങളാണെന്നും അവന്തിക പറഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം താൻ അക്രമം നേരിടുന്നുണ്ടെന്ന് അവന്തിക കൂട്ടിച്ചേർത്തു.