കോഴിക്കോട്: മുസ്ലിം സമുദായം സംസ്ഥാന സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ.ഹുസൈൻ മടവൂർ രാജിവച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
കഴിഞ്ഞ ഇടതുമുന്നണി സർക്കാറിന്റെ കാലത്താണ് കേരള നവോത്ഥാന സമിതി രൂപീകരിച്ചത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സമിതിയുടെ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും മടവൂർ പറഞ്ഞു. വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയത്. എല്ലാ സമുദായത്തിലെയും നവോത്ഥാന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നവോത്ഥാന സമിതി രൂപീകരിച്ചത്. എന്നാൽ അതിന്റെ തലപ്പത്തിരുന്ന് വിഷലിപ്ത പ്രസ്താവന നടത്താനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും മടവൂർ പറഞ്ഞു.
ഇടതുപക്ഷ സർക്കാർ മുസ്ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുത്തിരുന്നുവെങ്കിൽ മുസ്ലിം സമുദായത്തിന് കൂടുതൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇടതുമുന്നണി വിജയിക്കുമായിരുന്നു. നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതിയെന്നും മടവൂർ പറഞ്ഞു.
സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെൻ്ററുകൾ, ആരാധനാലയ നിർമാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മുസ്ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെൻ്റർ ന്യൂട്രാലിറ്റിയുടെയും എൽജിബിറ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.