ബേപ്പൂര്‍– വേറിട്ട ഭാഷാ പ്രയോഗങ്ങളിലൂടെയും കഥാ പാത്രങ്ങളിലൂടെയും മലയാള സാഹിത്യത്തെ വിസ്മയിപ്പിച്ച എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 31ാം ചരമവാർഷികത്തിലും പൂര്‍ത്തിയാകാതെ സ്മാരക കേന്ദ്രമായ ആകാശമിഠായി. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച സ്മാരക നിര്‍മാണ പ്രവര്‍ത്തനത്തിന് ആദ്യം സര്‍ക്കാര്‍ അനുവദിച്ച തുകയായ 7,37,10,000 രൂപ മതിയാകാതെ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 2,70,62,802 രൂപ കൂടി അനുവദിച്ചു. എന്നിട്ടും നിര്‍മാണ പ്രവര്‍ത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്റെ ബി.സി റോഡിലുള്ള 82.69 സെന്റ് സ്ഥലത്താണ് സ്മാരക നിര്‍മാണം നടക്കുന്നത്. ആര്‍ക്കിടെക് വിനോദ് സിറിയക് രൂപകല്‍പന ചെയ്തിട്ടുള്ള സ്മാരകത്തിന്റെ നിര്‍മാണം ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ്. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ടൂറിസം ലിറ്ററി സര്‍ക്ക്യൂട്ടിന്റെ ആസ്ഥാനവും ബഷീര്‍ സ്മാരകമായിരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
യഥാസമയം പണി പൂര്‍ത്തിയാക്കുന്നതില്‍ നേരിട്ട കാലതാമസം കാരണമാണ് വീണ്ടും എസ്റ്റിമേറ്റ് തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കേണ്ടി വന്നത്. അടുത്ത ജനുവരിയില്‍ ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചെങ്കിലും സ്മാരകം തുറക്കണമെന്നാണ് സാഹിത്യപ്രേമികള്‍ ആഗ്രഹിക്കുന്നത്. വിശാലമായി നിര്‍മിക്കുന്ന സ്മാര കേന്ദ്രത്തില്‍ സ്റ്റേജ്, കരകൗശല വസ്തുക്കള്‍ക്കായുള്ള സ്റ്റാളുകള്‍, വാക് വേ, കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി ഹാള്‍, വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ച പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളും സൂക്ഷിക്കാനുള്ള സൗകര്യവും, വായനാ മുറിയും എഴുതാനുള്ള സൗകര്യവും ഉള്‍പ്പെടുത്തും.
നാളെ സാഹിത്യപ്രേമികള്‍ ഭാഷയേയും ബഷീറിനെയും ഒരിക്കലും വിട്ട് പോവാത്ത ഭൂമിയുടെ അവകാശികളായ അദ്ദേഹത്തിന്റെ പാത്തുമ്മയും എട്ടുകാലി മമ്മൂഞ്ഞും, ബാല്യകാല സഖിയെയും മലയാളക്കര ഓര്‍ത്തെടുക്കും. ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി ബഷീറിന്റെ കുടുംബാംഗങ്ങളും ആര്‍ക്കിയോളജി& ഹെറിറ്റേജ് അസോസിയേഷന്‍ കോഴിക്കോടും ജൂലൈ 5 ശനിയാഴ്ച ടൂര്‍ ടു ബഷീര്‍ ബുക്‌സ് പരിപാടി പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ബേപ്പൂര്‍ വൈവാലില്‍ വീട്ടില്‍വെച്ച് നടക്കുന്ന പരിപാടിയില്‍ പി.കെ പാറക്കടവ് പ്രഭാഷണം നടത്തും. ബഷീറിന്റെ ചിന്തകള്‍ക്കൊപ്പം ഒരു ദിനം ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, മരണ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍, മാഗസിനുകള്‍, പഠനങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍, പോസ്റ്റല്‍ കവര്‍, സ്റ്റാമ്പ് എന്നിവ പ്രദര്‍ശിപ്പിക്കും. ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ വിപുലമായ പരിപാടികളോടെ ചരമദിനം ആചരിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ബഷീര്‍ അമ്മ മലയാളം, എംടിവി ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇതു കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രിയ എഴുത്തുകാരനെ സ്മരിച്ച് മലയാളിക്കൂട്ടായ്മകള്‍ പരിപാടികള്‍ സംഘടിപ്പിക്കും.