തൃശൂർ: അജ്ഞാത വാഹനമിടിച്ചു തെറിപ്പിച്ച് ഗുരുതരമായി പരുക്കേറ്റ് ഏഴുമാസമായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂർ നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനുജയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം നടക്കും.
കൊടകരയിൽ വച്ച് മെയ് 14-നുണ്ടായ അപകടത്തെതുടർന്ന് കഴിഞ്ഞ ഏഴുമാസമായി അനുജ ചലനമറ്റ് കിടപ്പിലായിരുന്നു. അനുജയെയും ഭർത്താവ് അനുവിനെയും മകനെയും ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ വാഹനം ഇതുവരെയും കണ്ടെത്താൻ പോലീസിനായിട്ടില്ല.
അനുജയുടെ സുഹൃത്തിന്റെ അനിയന്റെ കല്യാണ റിസപ്ഷനിൽ പങ്കെടുത്ത് കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ടോടെ കൊടകര കുഴിക്കാണി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനുജ പിന്നെ എഴുന്നേറ്റിട്ടില്ല. പിന്നാലെ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഭർത്താവ് അനു പരാതി നൽകിയെങ്കിലും പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.