കാസർകോട്: ഐ എസ് ആർ ഒ, ഇൻകംടാക്സ് ഉദ്യോഗസ്ഥ, ഐ എ എസ് ട്രെയിനി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി പിടിയിൽ. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ(42) ആണ് പിടിയിലായത്. ജിമ്മിൽ വെച്ചു പരിചയപ്പെട്ട പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് ഒരു പവന്റെ മാലയും ഒരു ലക്ഷം രൂപയും തട്ടിയ കേസിൽ മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർണാടക ഉഡുപ്പിയിലെ ഒരു ലോഡ്‌ജിൽ വച്ച് പിടിയിലായതെന്നാണ് വിവരം.
പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ശ്രുതി ഒളിവിൽ പോയത്. ഇൻസ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതി പിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടി.പണം വാങ്ങുമ്പോൾ യുവതി നൽകിയ ചെക്ക് ബേങ്കിൽ കൊടുക്കാൻ ശ്രമിക്കവേ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ കോടതി ഈ പരാതി തള്ളിയിരുന്നു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ആദ്യത്തെ തട്ടിപ്പ്. അതിന്റെ വ്യാജരേഖകളും നിർമ്മിച്ചിരുന്നു. തുടർന്ന്, വ്യാജരേഖകൾ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരെ കാസർകോട് ടൗൺ, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂർ ടൗൺ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാർഥിനിയെന്ന പേരിൽ വിവിധ ജില്ലകളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ ശ്രുതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. കാസർകോട് സ്വദേശിയായ യുവാവിനെ മംഗ്‌ളൂരുവിൽ പീഡന കേസ് നൽകി ജയിലിൽ അടപ്പിച്ചതോടെയാണ് യുവതിയുടെ സമാന തട്ടിപ്പുകൾ പുറത്തു വരാൻ തുടങ്ങിയത്. അപമാനം ഭയന്ന് കുറെ പേർ പരാതി നൽകാൻ തയ്യാറായില്ലെന്നാണ് വിവരം.