മലപ്പുറം– ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ പി.വി അന്‍വറിന് വീണ്ടും നോട്ടീസ് അയച്ച് ഹൈക്കോടതി. സി.ബി.ഐ അന്യേഷണം ആവശ്യപ്പെട്ട ഹരജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സ്വയം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സൈബര്‍ ക്രൈം പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.
പൊതു സുരക്ഷയെ വെല്ലുവിളിക്കുന്ന വിധത്തില്‍ പി.വി അന്‍വര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങളും മറ്റും ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ നിയമവിരുദ്ധമായി കടന്നുകയറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഈ കാര്യം ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയില്‍ പകയും ഭീതിയും ഉണ്ടാക്കി കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.