കല്‍പ്പറ്റ– സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ നൗഷാദിനെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. പ്രതിയെ ഏറ്റുവാങ്ങാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് ഹേമചന്ദ്രനെ കോഴിക്കോട് നിന്ന് തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 28നാണ് തമിഴ്‌നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പോലീസ് മൃതദേഹം കണ്ടെടുത്തത്. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷും, അജേഷും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന മുഖ്യപ്രതി നൗഷാദിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയിരുന്നു. ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് പ്രതി വിദേശത്തു നിന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വാദിച്ചിരുന്നു. ആത്മഹത്യ ചെയ്ത കണ്ടപ്പോള്‍ താനും സുഹൃത്തുക്കളും കുഴിച്ചിടുകയായിരുന്നെന്നും ന്യായീകരിച്ചു.
മുപ്പതോളം ആളുകള്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. എവിടെ നിന്നും പണം സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീച്ച് ഹേമചന്ദ്രനെ വീട്ടിലാക്കി തങ്ങള്‍ മടങ്ങിയതാണെന്നാണ് നൗഷാദ് നേരത്തെ പറഞ്ഞിരുന്നത്. മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ തെറ്റ് പറ്റിയെന്ന് പോലീസിന് വാട്‌സാപ്പില്‍ മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ പ്രതിയുടെ വാദങ്ങള്‍ പാടെ തള്ളിയിരിക്കുകയാണ് അന്യേഷണ സംഘം. നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് കൊലപാതകം നടന്നതെന്ന നിലപാടിലാണ് പോലീസ്.
Read more: ആത്മഹത്യയായിരുന്നുവെന്ന് വാദം, തിരിച്ചെത്തിയ ഹേമചന്ദ്രന്‍ കൊലക്കേസിലെ മുഖ്യപ്രതി ബെംഗളൂരില്‍ പിടിയില്‍