തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ആലപ്പുഴ
അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി വെള്ളിയാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി നല്‍കിയതായി ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ അറിയിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
കോട്ടയം
ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
വയനാട്
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. അവിടെയുള്ള വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ കര്‍ശനമായി ഉറപ്പുവരുത്തേണ്ടതാണ്.
കാസര്‍കോട്
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ 7 വെള്ളി ) അവധി.
ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.






