മലപ്പുറം: മലപ്പുറത്ത് നിപ ബാധിതനായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചുവെന്നും നിലവിൽ 246 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
246 പേരിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണുള്ളത്. ഇവരുടെ സാംപിളും വിവിധ ഘട്ടങ്ങളിലായി പരിശോധനയ്ക്കായി എടുക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവുമാണ് എടുത്ത് പരിശോധിക്കുക.
സാംപിൾ പരിശോധിക്കുന്നതിനായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍ ലാബ് കൂടി സംസ്ഥാനത്ത് എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.
പാണ്ടിക്കാട് പഞ്ചായത്തില്‍ 16,711 വീടുകളും ആനക്കയം പഞ്ചായത്തില്‍ 16,248 വീടുകളുണ്ട്. രണ്ടു പഞ്ചായത്തുകളിലും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും മറ്റ് വകുപ്പുകളും ചേര്‍ന്ന് ഫീവര്‍ സര്‍വൈലന്‍സ് നടത്തും.
വീടുവീടാന്തരമുള്ള സര്‍വേയാണിത്. വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരും സര്‍വേയില്‍ പങ്കാളികളാകും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ വൊളണ്ടിയേഴ്സിനെ ക്രമീകരിച്ചിട്ടുണ്ട്.
ഈ പഞ്ചായത്തുകളില്‍ അനൗണ്‍സ്മെന്റ് നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പോലീസ് പെട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിപയെ പ്രതിരോധിക്കേണ്ടതുണ്ട്.
റൂട്ട്മാപ്പിന്റെ അടിസ്ഥാനത്തില്‍ കുറേയാളുകള്‍ വിളിക്കുന്നുണ്ട്. ഇവര്‍ ഈ സമയത്തു തന്നെയാണോ എന്നത് സിസിടിവി അടക്കം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.