കണ്ണൂർ – അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയുള്ള പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തിയത് വിവേചനപരമാണെന്നത് കൊണ്ടാണ് മുസ്ലിം ലീഗ് എതിർക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവും നിയുക്ത യുഡിഎഫ് രാജ്യസഭ സ്ഥാനാർത്ഥിയുമായ അഡ്വ.ഹാരിസ് ബീരാൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ അടിസ്ഥാനത്തിൽ നിയമമുണ്ടാകുന്നതും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം ഭരണഘടനാ വിരുദ്ധമായ നിയമങ്ങളെ എതിർത്ത് തോല്പിക്കുന്നതിൽ നിയമപോരാട്ടത്തോടൊപ്പം നിയമ നിർമ്മാണ സഭയിലും പങ്കാളിത്തം വഹിക്കുക എന്ന നിയോഗമാണ് മുസ്ലിം ലീഗ് തന്നെ ഏല്പിച്ചിരിക്കുന്നതെന്നും അത് ഭംഗിയായി നിർവ്വഹിക്കുവാൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ ഹാരിസ് ബിരാന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ജില്ലാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ബാഫഖി തങ്ങൾ സൗധത്തിലും ഊഷ്മള സ്വീകരണം നൽകി. കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ടായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ ഖബറിടത്തിലെത്തി അദ്ദേഹം പ്രാർത്ഥന നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഷാൾ അണിയിച്ചു. ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽസെക്രട്ടറി കെ.ടി .സഹദുള്ള, ട്രഷറർ മഹമുദ് കടവത്തൂർ, ജില്ലാ ഭാരവാഹികളായ അഡ്വ കെ.എ.ലത്തീഫ്, വി പി വമ്പൻ, കെപി താഹിർ, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി ,സി .കെ.മുഹമ്മദ് ,അഡ്വ. എംപി മുഹമ്മദലി, ബി കെ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.