കോഴിക്കോട്- ഒരു ദേശീയ മാധ്യമത്തിന് താൻ നൽകിയ അഭിമുഖം ദുർവ്യാഖ്യാനം ചെയ്ത് തെറ്റായി പ്രചരിച്ചുവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകനും എ.പി വിഭാഗം സുന്നി നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സെക്യുലർ പാർട്ടിയാണ് മുസ്ലീം ലീഗെന്നും അദ്ദേഹം പറഞ്ഞു.
ഹക്കീം അസ്ഹരിയുടെ വാക്കുകൾ.
കേരള രാഷ്ട്രീയത്തിൽ ഒരുപാട് പാർട്ടികളും മുന്നണികളും പ്രവർത്തിച്ചു വരുന്നുണ്ട്. അതിൽ മുസ്‌ലിം പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ പാർട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ന് ഐക്യ ജനാധിപത്യ മുന്നണിയോടും, ആദ്യ കാലത്ത് ഇടതുപക്ഷത്തോടും സഖ്യം ചേർന്നിട്ടുള്ള ഒരു കരുത്തുറ്റ സെക്യൂലർ പാർട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്‌ലിംകളെല്ലാം ലീഗുകാരല്ലാത്തത് പോലെ ലീഗുകാരെല്ലാം മുസ്‌ലിംകളുമല്ല എന്നതാണല്ലോ യാഥാർഥ്യം. എല്ലാ പാർട്ടികളോടുമെന്ന പോലെ മുസ്‌ലിം ലീഗിനോടും പ്രത്യേക യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ സൗഹൃദം കാത്തുസൂക്ഷിക്കലാണ് ഞങ്ങളുടെ രീതി. മാത്രവുമല്ല, ലീഗ് നേതാക്കളിൽ പലരും സമസ്ത ഇ കെ വിഭാഗം കീഴ്‌ഘടകങ്ങളുടെ തലപ്പത്തുള്ളവരും പരമ്പരാഗത സുന്നി ആദർശം പിന്തുടരുന്നവരുമായതിനാൽ ആ നിലയിൽ അവരോട് അൽപം കൂടുതൽ സൗഹൃദവും സ്നേഹവുമുണ്ട്. നേതാക്കൾക്കും ഞങ്ങളുമായി വ്യക്തി ബന്ധമുള്ളവർക്കും അക്കാര്യം നന്നായി അറിയാവുന്നതുമാണ്.
ഈ സൗഹൃദം നിലനിൽക്കുമ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നതിന് അതു വിലങ്ങുതടിയാകാറില്ല. ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തുന്നു എന്നത് സൗഹൃദത്തേയും ബാധിക്കാറില്ല. അതാണ് യഥാർഥ രാഷ്ട്രീയവും സൗഹൃദവും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇടതുപക്ഷവുമായി സൗഹാർദം നിലനിർത്തുമ്പോൾ തന്നെ കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നതും അതുകൊണ്ടാണ്.
ഇത്രയും വളരെ വ്യക്തമായി പറഞ്ഞത്, ഈയിടെ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ നടത്തിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങളെ അടർത്തിയെടുത്തും വളച്ചൊടിച്ചും ഈ സൗഹൃദങ്ങളെ തകർക്കുകയും ഭിന്നതകളുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന സാഹചര്യത്തിലാണ്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്.
രാഷ്ട്രീയമായി മുസ്‌ലിംകൾ ഒരു പാർട്ടിക്ക് കീഴിൽ സംഘടിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ അതൊരിക്കലും വേണ്ടതില്ല എന്ന നിലപാട് ഞാൻ പറഞ്ഞു. സിഎഎക്കും വഖ്ഫ് ഭേദഗതി ബില്ലിനും എതിരെ മുസ്‌ലിംകൾ മാത്രമായി പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും, ഭരണഘടനാ വിരുദ്ധമായത് കൊണ്ട് അത് എല്ലാ ഇന്ത്യക്കാരുടെയും പ്രശ്നമാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും പറഞ്ഞു. മുസ്‌ലിം ലീഗ് അത്തരമൊരു സമുദായ പാർട്ടിയല്ലേ എന്ന് ചോദിച്ചപ്പോൾ കൂടുതൽ അംഗങ്ങളും മുസ്‌ലിംകളായതുകൊണ്ട് അങ്ങനെ ഒരു ധാരണ വന്നതാകാമെന്നും ഞാൻ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി, ഏറ്റവും കൂടുതൽ മുസ്‌ലിം എംഎൽഎമാർ ഉള്ള ലീഗ് ഭരണത്തിലില്ലാത്തത് കൊണ്ട് മുസ്‌ലിം സമുദായത്തിന് എന്തെങ്കിലും പ്രത്യേക നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തിന് ഒരു ഭരണകൂടവും അർഹമായ പ്രാതിനിധ്യമോ ഗുണങ്ങളോ ചെയ്തിട്ടില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്.
അത് ഇതുവരെയുണ്ടായ സകല പാർട്ടികളും ഗവണ്മെന്റുകളും വിചിന്തനം നടത്തേണ്ട വസ്തുതയാണ്. മുസ്‌ലിം സമുദായം സർക്കാറുകളുടെ ഓരം പറ്റി പലതും നേടുന്നു എന്ന് ഈയടുത്ത് ചിലർ ഉന്നയിച്ച ജൽപനങ്ങൾ ശരിയാണെന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമമായി കൂടിയാണ് എനിക്ക് ആ ചോദ്യം അനുഭവപ്പെട്ടത്. ആനുപാതികമായി ലഭിക്കേണ്ടത് പോലും ഇല്ലാത്തിടത്താണ് ‘പ്രത്യേകിച്ച് നേട്ടമൊന്നും സമുദായത്തിന് ലഭിച്ചില്ല’ എന്നഭിപ്രായപ്പെട്ടത്. കണക്കുകൾ പരിശോധിച്ചാലും അത് ബോധ്യമാകും.
മുജാഹിദ്, ജമാഅത് പോലുള്ള ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളിൽപെട്ട ഒരുപാട് പേരും ലീഗിന്റെ അണികളിലും നേതാക്കളിലുമുണ്ട്. ലീഗിനെ അവരുടെ ചട്ടുകമായി ഉപയോഗിക്കുന്ന രീതി ഒരിക്കലും ഉണ്ടായിക്കൂടാ. അത് ഇസ്‌ലാമിനും സമൂഹത്തിനും ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ജമാഅത്തിന്റെ അടിസ്ഥാനപരമായ വാദം ഇസ്‌ലാമിക് സ്റ്റേറ്റ് നിർമാണവും രാഷ്ട്രീയവുമാണ് എന്ന് ജനങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാമല്ലോ.
മുസ്‌ലിം മന്ത്രിയുണ്ടാവുക എന്നതല്ല, ജനസംഖ്യാ അനുപാതത്തോട് നീതി പുലർത്തുന്ന തരത്തിൽ എല്ലാവരെയും പോലെ മുസ്‌ലിംകൾക്കും ഗുണം ചെയ്യുന്ന മന്ത്രി ഉണ്ടാവുക എന്നതാണ് നമ്മുടെ ആവശ്യം എന്നും ഞാനവിടെ കൂട്ടിച്ചേർത്തിരുന്നു.
സമുദായത്തെ അവഗണിക്കുന്ന മുസ്‌ലിം ജനപ്രതിനിധികൾ ഉള്ളത് കൊണ്ട് കാര്യവുമില്ലല്ലോ. ഞാൻ ഉന്നയിച്ച പ്രശ്നം, സാധാരണ ഒരു രാഷ്ട്രീയ പാർട്ടി എന്നതിലപ്പുറം, സമസ്ത പോലെയുള്ള മതസംഘടനകൾ ചെയ്തതു പോലെ എന്ത് സംഭാവനയാണ് മുസ്‌ലിം ലീഗ് സമുദായത്തിന് വേണ്ടി ചെയ്തത് എന്നതാണ്. അതേകുറിച്ച് ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടക്കട്ടെ എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.
അഭിമുഖത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ശത്രുക്കളായി കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ ആരെയും ശത്രുക്കളായി കാണുന്നില്ല എന്ന് ഞാൻ പറഞ്ഞു. നിങ്ങൾ മോദിയെയും അമിത് ഷായെയും കാണാറുണ്ടല്ലോ എന്ന ചോദ്യത്തിന്, പിണറായിയെയും ഉമ്മൻ ചാണ്ടിയെയും കാണാറുണ്ട് എന്നാണ് മറുപടി പറഞ്ഞത്. രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിലല്ല, ഭരണകർത്താക്കൾ എന്ന നിലയിലാണ് അവരെയെല്ലാം ചെന്ന് കാണുന്നത് എന്ന് ആ മറുപടിയിൽ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നവർ എപ്പോഴെങ്കിലും മോദിയും അമിത്ഷായും തങ്ങളുടെ ശത്രുക്കളാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് കേട്ടിട്ടുണ്ടോ! അവരവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഇതേ ഭരണാധികാരികാരികളെ അവരും സമീപിക്കുന്നില്ലേ! ‘മോദിയെയും അമിത് ഷായെയും ഞങ്ങൾ ശത്രുക്കളായി കാണുന്നില്ല’ എന്ന തലക്കെട്ടിൽ ജമാഅത് മാധ്യമങ്ങൾ അത് പ്രചരിപ്പിക്കാൻ ശ്രമിച്ചതിലെ ചതിയും ജനങ്ങൾ തിരിച്ചറിയണം. സന്ദർഭത്തിൽ നിന്ന് അടർത്തി സൃഷ്ടിച്ച ഇത്തരം പ്രചാരണങ്ങളുടെ സത്യാവസ്ഥ അഭിമുഖം പൂർണമായി കണ്ടാൽ ഏവർക്കും ബോധ്യപ്പെടുകയും ചെയ്യും.
ഒരേ സമയം, ആരോഗ്യകരമായ സംവാദവും ക്രിയാത്മകമായ സൗഹാർദവും സൂക്ഷിക്കാൻ നമുക്ക് സാധിക്കട്ടെ. ഏറ്റവും മനോഹരമായ രാഷ്ട്രീയവും ജനാധിപത്യവും പുലരട്ടെയെന്നും ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.