മലപ്പുറം– അടുത്ത വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. ജൂലൈ 31 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രത്യേകം അറിയിച്ചു. ഹജ് നറുക്കെടുപ്പുകളും മറ്റ് പ്രാഥമിക നടപടികളും ഓഗസ്റ്റില്‍ നടക്കും. ജൂലൈ രണ്ടാമത്തെ ആഴ്ചമുതല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഓൺലൈൻ പോർട്ടലുകൾ തുറക്കുമെന്ന് ഹജ് കമ്മിറ്റി നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 2026ലെ ഹജ് നയം അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ മുന്‍കൂറായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ അടക്കേണ്ടി വരുമെന്ന് ഹജ് കമ്മിറ്റി അറിയിച്ചു. 65 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ ഒരുമിച്ച് നല്‍കുന്ന അപേക്ഷകളിലും മുന്‍വര്‍ഷങ്ങളെപ്പോലെ നറുക്കെടുപ്പില്ലാതെ അവസരം കിട്ടാന്‍ സാധ്യതയുണ്ട്. അപേക്ഷകന് 2026 ഡിസംബര്‍ 31 വരെ കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ hajcommittee.gov.in/ വെബ്‌സൈറ്റ് വഴിയും കേരള സംസ്ഥാന ഹജ് കമ്മിറ്റി keralahajcommittee.org/ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ‘Haj suvidha‘ എന്ന മൊബൈല്‍ ആപ് വഴിയും അപേക്ഷ സമര്‍പ്പിക്കാനാകും.