തിരുവനന്തപുരം: മുഖ്യമന്ത്രി പണറായി വിജയൻ വിളിച്ച ഡിന്നറിൽനിന്ന് പിന്മാറി ഗവർണർമാർ. കേരള, ബംഗാൾ, ഗോവ ഗവർണർമാരെയാണ് ഇന്ന് ക്ലിഫ് ഹൗസിൽ നടക്കുന്ന വിരുന്നിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നത്. എന്നാൽ മൂന്ന് ഗവർണർമാരും ക്ഷണം സ്വീകരിച്ചിട്ടില്ല.
ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ അത്താഴ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ പേരിൽ ഉൾപ്പടെ രാഷ്ട്രീയ വിവാദങ്ങളുള്ള പശ്ചാത്തലത്തിൽ ഇത്തരമൊരു വിരുന്നിൽ പങ്കെടുത്താൽ അത് പല തലത്തിലും ചർച്ചയ്ക്ക് വഴിവയ്ക്കും. വേതന വർധനവ് ആവശ്യപ്പെട്ട് ആശാ വർക്കർമാർ അടക്കം സമരമുഖത്ത് നിൽക്കവേ അതോട് മുഖം തിരിച്ച പിണറായി സർക്കാർ, ഖജനാവിൽനിന്ന് വീണ്ടും ലക്ഷങ്ങൾ പൊടിച്ച് ധൂർത്തമായ ആഘോഷങ്ങൾ നടത്തുമ്പോൾ പുതിയ വിരുന്നും വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടവരുത്തിയേക്കും. ഇത്തരമൊരു സാഹചര്യത്തിൽ വിരുന്നിൽനിന്ന് പിൻമാറുന്നതാണ് നല്ലതെന്നും പലർക്കും അഭിപ്രായമുണ്ട്.
ഈയിടെ ഡൽഹിയിലെ കേരള ഹൗസിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ കേരള ഗവർണർ പങ്കെടുത്തതിൽ ഉൾപ്പടെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. പുതിയ സാഹചര്യത്തിൽ ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ക്ഷണം നിരസിച്ചതെന്നും പറയുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ജനങ്ങൾക്കു വീണ്ടും ബാധ്യതയേറ്റുന്ന അനിവാര്യമല്ലാത്ത സൽക്കാരങ്ങൾ, ആഘോഷ ധൂർത്തുകൾ എന്നിവ കടുത്ത ജാഗ്രതയോടെ വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.