തിരൂർ: കാഴ്ചപരിമിതരുടെ സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണത്തിന് സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘എൻ വിഷൻ’ കാഴ്ചപരിമിതരുടെ കുടുംബ സംഗമം ആവശ്യപ്പെട്ടു. ഉൾക്കാഴ്ചയുടെ ശക്തിയാൽ പരിമിതികളെ അതിജീവിച്ച് സാമൂഹിക നിർമിതിയിൽ നിർണായക പങ്കുവഹിക്കുന്നവരാണ് കാഴ്ചപരിമിതർ എന്ന് സംഗമം വിലയിരുത്തി.
വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും കാഴ്ചപരിമിതർക്ക് സ്വതന്ത്രവും സർഗാത്മകവുമായ പ്രവർത്തനത്തിന് അവസരങ്ങൾ ഒരുക്കണം. ബ്രെയിൽ വിദ്യാഭ്യാസം ശാസ്ത്രീയവും എളുപ്പവുമാക്കാൻ ആധുനിക സംവിധാനങ്ങൾ നടപ്പാക്കണം. ദൈവവിശ്വാസവും മതബോധവും ജീവിതത്തിന് ദിശാബോധവും കരുത്തും നൽകുന്നുവെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സഹതാപത്തിനപ്പുറം മാന്യമായ പരിഗണനയും പിന്തുണയും നൽകാൻ സമൂഹവും അധികാരികളും ശ്രമിക്കണമെന്നും ‘എൻ വിഷൻ’ അഭിപ്രായപ്പെട്ടു.
തിരൂർ സംഗമം റെസിഡൻസിയിൽ നടന്ന ചടങ്ങ് വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി മുനവ്വർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഹാരിസ് കായക്കൊടി, സുബൈർ സലഫി പട്ടാമ്പി, ജാബിർ മാസ്റ്റർ തിരൂർ, അജ്‌സൽ തിരൂർ, അബ്ദുൽ ഗഫൂർ മാസ്റ്റർ നരിക്കുനി, നവാസ് ഒളവണ്ണ, ഫഹദ് അൻസാരി എന്നിവർ ക്ലാസുകൾ നയിച്ചു.