കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിയാലും തൊഴിലാളികൾ എന്നും കുടുംബാംഗങ്ങളാണെന്ന് തെളിയിച്ച് സൗദി അറേബ്യയിലെ പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് കർട്ടൻ കമ്പനി. വർഷങ്ങൾക്ക് മുമ്പ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയ മുൻ തൊഴിലാളികൾക്കായി കമ്പനി സംഘടിപ്പിച്ച ‘ഗോൾഡൻ പില്ലേയ്സ് മീറ്റ്’ സ്നേഹസംഗമമായി മാറി. കോഴിക്കോട് റാറ അവിസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ തൊഴിലാളികളും കുടുംബാംഗങ്ങളും ഒത്തുചേർന്നു.
മുൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ചികിത്സാ സഹായങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ കമ്പനി നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ, കമ്പനിയിൽ സേവനമനുഷ്ഠിച്ചവരുടെ മക്കൾക്ക് തൊഴിലവസരങ്ങളിൽ മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള സംഗമങ്ങൾ കേരളത്തിൽ മാത്രമല്ല, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കമ്പനി സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്. കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായവരോടുള്ള ആദരമായാണ് ഈ ഒത്തുചേരലിനെ മാനേജ്‌മെന്റ് കാണുന്നത്.
ഗ്രൂപ്പ് സി.ഇ.ഒ മോണിഷ് റിക്കി, വൈസ് പ്രസിഡന്റ് (എച്ച്.ആർ) സിയാദ് എഫ് ഹൊദയാനി, ഐ.ടി അസോസിയേറ്റ് ഹെഡ് സഹദ് പാലോളി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വർഷങ്ങൾക്ക് ശേഷം പഴയ സഹപ്രവർത്തകരെയും മാനേജ്‌മെന്റ് പ്രതിനിധികളെയും നേരിൽ കാണാൻ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു പങ്കെടുത്തവരെല്ലാവരും.



