അബുദാബി: ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ എംപി. ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമിയിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ഗൗതം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീരന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്റെ ആദ്യ പ്രതികരണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഗംഭീർ പ്രതികരിച്ചു.
ബുർജിൽ ഹോൾഡിങ്സിന് കീഴിലുള്ള അബുദാബിയിലെ മെഡിയോർ ഹോസ്പിറ്റലിലെ സ്പോർട്സ് മെഡിസിൻ ഡിപ്പാർട്ട്മെൻറ് സന്ദർശിച്ച താരം വിദഗ്ധരുമായി സംവദിച്ചു. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോർ ഹോസ്പിറ്റലിലെ സമഗ്രമായ സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നതുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീരന്റെ ആശയവിനിമയം.
വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളോട് സ്പോട്സ് മാൻഷിപ്പ്, കഠിനാധ്വാനം, അച്ചടക്കം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ബുർജിൽ ഹോൾഡിങ്സ് ഗ്രൂപ്പ് സി. ഒ. ഒ. സഫീർ അഹമ്മദ്, സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഷിബു വർഗീസ് തുടങ്ങിയവർ ഗംഭീരിനെ അനുഗമിച്ചു.