കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷ(21)നെയാണ് ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
കെ.എൽ 65 എൽ 8306 നമ്പർ കാറിൽ ആയുധങ്ങളുമായാണ് സംഘം വീട്ടിലെത്തിയത്. ഇവരിൽനിന്ന് വീണ ഒരു കത്തിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെന്നും ഇതിനെ അടിസ്ഥാനമാക്കി തിരച്ചിൽ ഊർജിതമാക്കിയതായും കൊടുവളളി പോലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇയാളുമായുളള സാമ്പത്തിക തർക്കമാണ് അനൂസ് റോഷനെ അക്രമിസംഘം തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സംശയിക്കുന്നത്. രണ്ടു വാഹനങ്ങളിലായാണ് അക്രമിസംഘം വീട്ടിലെത്തിയതെന്നും മോന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് മോനെ പിടിച്ചുകൊണ്ടുപോയതെന്നും ഇവർ മുഖംമൂടി ധരിച്ചതായും ഉമ്മ ജമീല പ്രതികരിച്ചതായും പോലീസ് പറഞ്ഞു.
അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരൻ അജ്മൽ മൂന്നു പേർക്ക് ലക്ഷങ്ങൾ നൽകാനുണ്ട്. ഇതിൽ ഒരാൾക്ക് മാത്രം 35 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും വൈകിട്ട് വീട്ടിലെത്തിയ സംഘത്തിലെ രണ്ടുപേർ മുമ്പും വീട്ടിൽ വന്നതായും കുടുംബം വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.