കോഴിക്കോട്: 27 ഗ്രാം എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ പി അമർ (32), എം.കെ വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് കോഴിക്കോട് കോഴിക്കോട് ബീച്ച് റോഡിൽ ആകാശവാണിക്കു സമീപത്ത് വച്ച് പോലീസ് പിടിയിലായത്.
കണ്ണൂരിൽനിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുമ്പ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് അമർ ജോലി ഉപേക്ഷിച്ച് പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്.
കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്‌മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പ്രതികളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് പറഞ്ഞു.