കൊട്ടാരക്കര: സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി അയിഷ പോറ്റിയെ പാർട്ടി കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളാണ് ഇതിന് കാരണമെന്നാണ് വിവരം.
ഒരുകാലത്ത് സി.പി.എമ്മിന് ബാലികേറാമലയായിരുന്ന കൊട്ടാരക്കരയിൽ കേരള കോൺഗ്രസിലെ അതികായനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയെ തറപറ്റിച്ചാണ് അയിഷാ പോറ്റി സി.പി.എമ്മിന്റെ ഗ്ലാമാർ താരമായത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ എം.എൽ.എയുമായ അയിഷാ പോറ്റി ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന ട്രഷറർ കൂടിയാണ്. വനിതാ കമ്മിഷൻ അധ്യക്ഷ, സ്പീക്കർ തുടങ്ങിയ പദവികളിലും നേരത്തെ ഇവരെ പരിഗണിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു.
എം.എൽ.എ ആയിരിക്കെ നടപ്പാക്കിയ പല പദ്ധതികളുമായും ബന്ധപ്പെട്ട് അയിഷ പോറ്റിയും പാർട്ടിയും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. ഇതേ തുടർന്ന് പല കമ്മിറ്റികളിലും അവർ പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് ഏരിയാ കമ്മിറ്റിയിൽ ഇടം ലഭിക്കാത്തതെന്നാണ് ആരോപണം. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാലാണ് ചില കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നതെന്നാണ് എം.എൽ.എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. എന്നാൽ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തെ ഏരിയാ കമ്മിറ്റിയിൽ നിലനിർത്തിയപ്പോൾ അയിഷാ പോറ്റിക്ക് അത്തരമൊരു പരിഗണന ലഭിച്ചില്ലെന്നും പറയുന്നു. ജില്ലാ സെക്രട്ടറിയെ വിമർശിച്ചതിന് മറ്റു ചില വെട്ടിമാറ്റലുകളും കമ്മിറ്റിയിൽ ഉണ്ടായതായി ആരോപണങ്ങളുണ്ട്.
ആരോപണങ്ങളിൽ കഴമ്പില്ലെന്നും പാർട്ടിയെ സുശക്തമായി നയിക്കാൻ പ്രാപ്തമായ നേതൃ നിരയെയാണ് സി.പി.എം തെരഞ്ഞെടുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം.