കോഴിക്കോട്- ബത്ഹയില്‍ ആദ്യ മലയാളി ജനറല്‍ സര്‍വീസ് നടത്തി പ്രവാസികള്‍ക്ക് സുപരിചിതനായിരുന്ന കോഴിക്കോട് പൂവാട്ട്പറമ്പ് സ്വദേശി മഞ്ഞപ്പാറക്കല്‍ അബ്ദുറഹ്മാന്‍ (76) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒഐസിസി റിയാദ് പ്രസിഡന്റ്, കുറ്റിക്കാട്ടുര്‍ യതീംഖാനയുടെ റിയാദ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം പുവ്വാട്ട്പറമ്പ് ജുമാമസ്ജിദില്‍ നടന്നു. മക്കള്‍ : ഫസീല, ഫയ്‌സര്‍ റബ്ബാനി, ജസീന. മരുമക്കള്‍ : ഫിറോസ്, അബ്ദുല്‍ സലാം (കൊടുവള്ളി), ഹിന ഫയ്‌സര്‍ (മുക്കം).
റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും റിയാദിലെ ആദ്യകാല പ്രവാസിയുമായ അബ്ദുറഹ്മാന്‍ പെരുമണ്ണയുടെ നിര്യാണത്തില്‍ ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.
ബത്ഹയില്‍ പ്രഥമ ജനറല്‍ സര്‍വ്വീസ് ആരംഭിക്കുകയും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പ്രവാസികള്‍ക്ക് അത്താണിയായിരുന്നു അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറക്കല്‍ അബ്ദുറഹ്മാന്‍.
റിയാദില്‍ കോണ്‍ഗ്രസ് പോഷക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ആര്‍ഐസിസി) രൂപം നല്‍കിയ വേളയില്‍ പ്രഥമ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം സംഘടനയെ നയിക്കുകയും ചെയ്തു.
റിയാദില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് റിയാദിലെ പ്രവാസി മലയാളികള്‍ക്കു മാത്രമല്ല, ദുരിതം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് സഹായം ചെയ്യുന്നതില്‍ മാതൃകയായിരുന്നു അബ്ദുറഹ്മാനെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.