തിരുവനന്തപുരം: കോച്ചിങ്ങിനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ക്രിക്കറ്റ് പരിശീലകന് കോടതി കഠിനതടവും പിഴയും വിധിച്ചു. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. 16 വർഷത്തെ കഠിനതടവിനും 24,000 രൂപ പിഴയുമാണ് വിധി. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും പ്രതി അഞ്ച് വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പീഡനത്തിനിരയായ പെൺകുട്ടിക്ക് കൃത്യമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി പരിശീലനത്തിനായി എത്തിയത്. ആദ്യ കുറച്ചു ദിവസങ്ങൾക്ക് ശേഷം, പ്രത്യേക പരിശീലനത്തിനെന്ന് പറഞ്ഞ് കുട്ടിയെ കോച്ചിങ് സെന്ററിലെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. ഇതിനുപുറമെ കുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തു നൽകാൻ പ്രതി പലതവണ നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ രീതിയിൽ കോച്ചിംഗ് നൽകാതെ മാനസികമായി ബുദ്ധിമുട്ടിച്ചു. ഇതേത്തുടർന്ന് 2021-ൽ പെൺകുട്ടി ഇവിടെനിന്നും മാറി മറ്റൊരു കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി ഭയന്ന് വിവരം ആരോടും പറഞ്ഞിരുന്നില്ല. ഈ പെൺകുട്ടിക്ക് പുറമെ ഇവിടെ കോച്ചിങ്ങിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി സമാനമായ രീതിയിൽ പീഡിപ്പിച്ചിരുന്നു. പീഡനത്തിൽ മനംനൊന്ത് അവരും പിന്നീട് മറ്റ് കേന്ദ്രങ്ങളിലേക്ക് കോച്ചിങ്ങിനായി പോയി. പ്രതിയെ ഭയന്ന് അവരും വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം 2024-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഈ പെൺകുട്ടി എത്തിയിരുന്നു. അവിടെവെച്ച് അപ്രതീക്ഷിതമായി പ്രതിയായ മനുവിനെ വീണ്ടും കണ്ടതോടെ പെൺകുട്ടി ഭയന്നുവിറച്ച് നിലവിളിക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെയാണ് വർഷങ്ങളായി മറഞ്ഞുകിടന്ന ക്രൂരത പുറംലോകമറിയുന്നത്.
ഈ കുട്ടിയുടെ പരാതിക്ക് പിന്നാലെ, പ്രതിയെ ഭയന്നിരുന്ന മറ്റ് അഞ്ച് പെൺകുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചു. തുടർന്ന് പ്രതിക്കെതിരെ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ നാല് കേസുകളുടെ വിചാരണ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി, അഡ്വ. രവിശങ്കർ തമ്പി എച്ച്.എ എന്നിവർ ഹാജരായി. കന്റോൻമെന്റ് പോലീസ് എസ്.ഐമാരായ ഷെഫിൻ എസ്, നിതിൻ നളൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. വിചാരണ വേളയിൽ പ്രോസീക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 25 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.



