കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ വീടിനോട് ചേർന്ന സ്വകാര്യ മില്ലിൽ നിന്നാണ് കിറ്റ് കണ്ടെടുത്തതെന്ന് തെരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെ ചിത്രങ്ങൾ സഹിതമുള്ള കിറ്റിൽ കർണാടക കോൺഗ്രസിന്റെ സ്റ്റിക്കറും പതിച്ചിട്ടുണ്ട്.
എന്നാൽ, കിറ്റ് കിടപ്പ് രോഗികൾ അടക്കമുള്ള വയനാട് ദുരന്ത ബാധിതർക്കായി വിതരണം ചെയ്യാൻ എത്തിച്ചവയാണെന്നും വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കിറ്റ് വിതരണം നിർത്തിയതാണെന്നും കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് എം.എൽ.എ പ്രതികരിച്ചു.
കിറ്റുകളെല്ലാം ഒക്ടോബർ 15ന് മുമ്പേ തയ്യാറാക്കിയതാണ്. തെരഞ്ഞെടുപ്പിന് ശേഷം വിതരണം ചെയ്യാനായി സൂക്ഷിച്ച കിറ്റുകളാണിപ്പോൾ പിടിച്ചെടുത്തിട്ടുളളത്. പല സ്ഥലത്തും ഇപ്രകാരം കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. ദുരിത ബാധിതർക്ക് വിതരണം ചെയ്യാനായി പല സംസ്ഥനങ്ങളിൽ നിന്നായി എത്തിച്ച കിറ്റുകളാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
അതേസമയം, ഭക്ഷ്യ കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് യു.ഡി.എഫ് ശ്രമമെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കിറ്റുകൾ നൽകുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണം കൊടുക്കുന്നതിന് തുല്യമാണെന്ന് വയനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രതികരിച്ചു.