ആലപ്പുഴ– കേരളാ തീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും കടലില്‍ പോവാന്‍ കഴിയുന്നില്ല. ഇതിനിടയില്‍ വ്യാജ പ്രചരണത്താല്‍ മീന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കപ്പല്‍ മുങ്ങിയതിന് ശേഷം മീന്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ മായം കലക്കിയ മീനെന്നൊക്കെയാ പ്രചരണമെന്ന് ആലപ്പുഴ കാക്കാഴം തീരത്തെ മത്സ്യ തൊഴിലാളികള്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും മൂലം കടലില്‍ പോയി മീന്‍പിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. ഇതിനിടെ വ്യാജ പ്രചരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ട്.
നിലവില്‍ ഇരുചക്ര വാഹനങ്ങളിലടക്കം മത്സ്യം വില്‍ക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. പൊടിയിട്ട് വരുന്ന മീനാണെന്നും കടലില്‍ മായം കലര്‍ന്നതുകൊണ്ട് മീന്‍ വാങ്ങുന്നില്ലെന്നുമാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ട്് വീട്ടിലിരിക്കേണ്ട് അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടല്‍ മീന്‍ കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മന്ത്രി സജിചെറിയാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.