കൊച്ചി- ഏഷ്യാനെറ്റ് ന്യൂസിൽ കൂട്ടപ്പിരിച്ചുവിടൽ നടപടിക്ക് തുടക്കമായി. ഓൺലൈൻ വിഭാഗത്തിൽ ജോലി ചെയ്യുന്നവരിൽ പകുതിയിലേറെ പേർക്കും നോട്ടീസ് നൽകി. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി എന്നാണ് പുറമേക്ക് പറയുന്നതെങ്കിലും ഏഷ്യാനെറ്റിനെ പൂർണമായും സംഘി വത്കരിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നത് എന്നാണ് മാധ്യമ പ്രവർത്തകർ ആരോപിക്കുന്നത്. ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ) തപന്‍ ശര്‍മ്മയാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്. ഓൺലൈനിൽ പിരിച്ചുവിടൽ പൂർത്തിയായാൽ വൈകാതെ, ചാനലിലും ജീവനക്കാരെ വെട്ടിച്ചുരുക്കും.
അതിനിടെ, തപൻ ശർമയെ ഏഷ്യാനെറ്റ് ഡിജിറ്റലിന്റെ ചീഫ് റവന്യൂ ഓഫീസർ സ്ഥാനത്തേക്ക് ഉയർത്തി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബി.ജെ.പിയുടെ പ്രവർത്തനം സജീവമാക്കുന്നതിനായി ദൽഹിയിൽനിന്നുള്ള പി.ആർ സംഘമാണ് രാജീവ് ചന്ദ്രശേഖറിനൊപ്പം പ്രവർത്തിക്കുന്നത്. ഇവരെ ഏഷ്യാനെറ്റ് ഓൺലൈനിന്റെ ചുമതല കൂടി ഏൽപ്പിക്കാനാണ് നീക്കം നടക്കുന്നത്. നിലവിൽ കേരളത്തിൽ റേറ്റിംഗിലും വരുമാനത്തിലും ഏഷ്യാനെറ്റാണ് മുന്നിൽ നിൽക്കുന്നത്.
അഞ്ച് വർഷത്തിലേറെയായി ഏഷ്യാനെറ്റിൽ പ്രവർത്തിക്കുന്ന തപൻ ശർമ്മ, കമ്പനിയെ അതിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയിലേക്ക് നയിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
നിലവിൽ എട്ടു ഭാഷകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റൽ പ്രവർത്തിക്കുന്നത്. പഞ്ചാബി, ഗുജറാത്തി, കൊങ്കണി ഭാഷകളിലേക്ക് വ്യാപിപ്പിക്കാനും വർഷാവസാനത്തോടെ ഗൾഫ്, യുഎസ് വിപണികൾക്കായി അന്താരാഷ്ട്ര ഉള്ളടക്ക പോർട്ടലുകൾ ആരംഭിക്കാനും നീക്കമുണ്ട്.