തിരുവനന്തപുരം – കഴിഞ്ഞ 15 ദിവസങ്ങളായി കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തിരശ്ശീല വീഴും.
ഇന്ത്യൻ സമയം വൈകിട്ട് 6:45 ( സൗദി സമയം 4:15 PM)ന് തുടങ്ങുന്ന കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലവും കഴിഞ്ഞ സീസണിലെ മോശ പ്രകടനത്തിന് പിന്നാലെ വമ്പൻ താരങ്ങൾ അണിനിരയിൽ എത്തിച്ച കൊച്ചിയും തമ്മിലാണ് മത്സരം.
സച്ചിൻ ബേബി നയിക്കുന്ന കൊല്ലം ഈ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് വരുന്ന സച്ചിൻ ബേബിയും കൂട്ടരും വരുന്നത്. സെമിഫൈനലിൽ ശക്തരായ തൃശൂരിനെ വെറും 86 റൺസിൽ ഓൾ ഔട്ടാക്കി പത്തു വിക്കറ്റിന്റെ വിജയവുമായാണ് നിലവിലെ ചാമ്പ്യന്മാരുടെ വരവ്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, വത്സൻ ഗോവിന്ദ്, അഭിഷേക് നായർ അടക്കമുള്ള ബാറ്റിംഗ് നിരയിലാണ് പ്രതീക്ഷകൾ അധികവും. അമൽ, ഷറഫുദ്ദീൻ പോലെയുള്ള ബൗളിംഗ് താരങ്ങളും മികച്ച ഫോമിലാണ്.
കഴിഞ്ഞ സീസണിൽ വളരെ മോശപ്പെട്ട കാഴ്ചവെച്ച കൊച്ചി ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായിരുന്നു. അതിന് പിന്നാലെ സഞ്ജു സാംസണും സഹോദരൻ സാലി സാംസണും അടങ്ങുന്ന വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് കൊച്ചിയുടെ വരവ്. വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഏഷ്യാകപ്പ് കളിക്കാനായി ഇന്ത്യൻ ടീമിനോടൊപ്പം ചേർന്നിട്ടുണ്ടെങ്കിലും ഇവർ ശക്തരാണ്. സെമി ഫൈനലിൽ കാലിക്കറ്റിനെതിരെയും സഞ്ജു ഇല്ലാതെ 15 റൺസിന്റെ വിജയമായിരുന്നു കൊച്ചി നേടിയത്. വിനൂപ് മനോഹരൻ, മുഹമ്മദ് ഷാനു, നിഖിൽ എന്നിവരെല്ലാം ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ആസിഫ്, ജെറിൻ എന്നിവരുടെ അടങ്ങുന്ന ബൗളിങ് നിരയും വളരെ ശക്തമാണ്.