ഇടുക്കി– തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാർത്ത കേട്ട ഞെട്ടിത്തരിച്ച് നാട്ടുകാരും അയൽവാസികളും. കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരൻ ദേവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല. ഉൻമേഷിന്റെ ഭാര്യ ശില്‌പ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത്.
മകനെ കൊലപ്പെടുത്തിയ ശേഷം ഉൻമേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വസ്ത്രവ്യാപാര സ്‌ഥാപനത്തിൽ ജോലിക്കു പോയിരിക്കുകയായിരുന്നു ഉൻമേഷിൻ്റെ ഭാര്യ ശിൽപ. കുഞ്ഞ് കിടപ്പുമുറിയിലെ ഫാനിൽ ഷാളിലും, ഉന്മേഷ് ഹാളിൽ കയറിലുമായി തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്
ഭിന്നശേഷിക്കാരനും ഓട്ടിസം ബാധിതനുമായിരുന്നു മൂന്നര വയസ്സുക്കാരൻ ദേവ്. . ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിയും ലോട്ടറി വിൽപനയുമായിരുന്നു ഉന്മേഷിൻ്റെ ജോലി. മുരളീധരനാണ് ഉന്മേഷിന്റെ പിതാവ്.