തൊടുപുഴ– കോപ്പി അടിച്ചത് പിടികൂടിയതിന് വിദ്യാർഥികൾ വ്യാജപീഡനപരാതി നൽകിയ അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ പത്ത് വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കി കോടതി. പരീക്ഷക്ക് കോപ്പി അടിച്ചത് പിടികൂടിയതിന്റെ പ്രതികാരമായാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ 5 വിദ്യാർഥികൾ ചേർന്ന് വ്യാജപീഡന പരാതി നൽകിയത്. മൂന്ന് വർഷം അദ്ദേഹത്തിന് ജയിയിലിൽ കഴിയേണ്ടി വന്നു. എന്നാൽ, തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിപ്പിച്ചത്.
2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനുമാണ് ഇവർ പരാതി നൽകിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം.
‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിൻസിപ്പൽ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്നായിരുന്നു അത്. ’ സംഭവത്തെകുറിച്ച് ആനന്ദ് പറഞ്ഞത് ഇങ്ങിനെ ആയിരുന്നു.
പിന്നീട് ഓണാവധി കഴിഞ്ഞ് വന്നപ്പോഴാണ് തനിക്കെതിരെ പീഡനപരതി ഉന്നയിച്ച കാര്യം ആനന്ദ് അറിയുന്നത്. യൂണിവേഴ്സിറ്റിയിൽ കോപ്പിയടി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഇദ്ദേഹം നേരിട്ട് സർവകലാശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട്ട് ചെയ്തു. എന്നാൽ അന്വേഷണം അദ്ദേഹത്തിന് എതിരെ ആയിരുന്നു. ആനന്ദ് വിശ്വനാഥനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എസ്.എഫ്.ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയാറാക്കിയത് മൂന്നാർ സിപിഎം പാർട്ടി ഓഫിസിൽ വച്ചാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇക്കാര്യം വിദ്യാർഥിനികൾ തന്നെ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.