കല്‍പ്പറ്റ: 73കാരിയുടെ കണ്ണില്‍ ആറും പത്തും സെന്റി മീറ്റര്‍ നീളമുള്ള വിരകള്‍. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പനമരം സ്വദേശിനിയുടെ കണ്ണിലാണ് വിരകള്‍ ഉണ്ടായിരുന്നത്. ഇവയെ വിജയകരമായി നീക്കം ചെയ്തു. കണ്ണിന്റെ വെളുത്തനിറത്തില്‍ കാണുന്ന പുറംതോടിന്റെ പാളികള്‍ക്ക് ഇടയിലാണ് വിരകളെ കണ്ടെത്തിയത്.
കണ്ണില്‍ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വയോധിക ചികിത്സ തേടിയത്. ഡൈറോ ഫൈലേറിയ വിഭാഗത്തില്‍പ്പെടുന്ന വിരകളാണ് ഇവരുടെ കണ്ണില്‍ ഉണ്ടായിരുന്നത്.
നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ. ഫെലിക്സ് ലാലിന്റെ നേതൃത്വത്തിലാണ് വിരകളെ പുറത്തെടുത്തത്. ഇന്ത്യയില്‍ ആദ്യമായി 1977ല്‍ കേരളത്തിലാണ് കണ്ണില്‍ ഡൈറോ ഫൈലേറിയ വിര സാന്നിധ്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 37-ാമത്തെ കേസാണ് മേപ്പാടിയിലേത്.