തൃശൂർ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപം സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിത്തെറിച്ചു. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായ സമയത്താണ് സംഭവം. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാവാമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പറയുന്നു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കം എറിഞ്ഞതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലത്തെത്തിയ തൃശൂർ പോലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ നിർദേശം നല്കിയതായും പോലീസ് വ്യക്തമാക്കി.