കൊയിലാണ്ടി- ജോലി ആവശ്യങ്ങൾക്കായി ഖത്തറിൽ പോവാനിരുന്ന പ്രവാസിയുടെ പാസ്പോർട്ട് തടഞ്ഞുവെച്ച് ബാങ്ക് അധികൃതർ. കൊയിലാണ്ടി സ്വദേശി റിയാസിനാണ് ഈ ദുരനുഭവം. ജപ്തി ചെയ്ത വീട്ടിൽ ഉള്ള പാസ്സ്പോർട്ട് പലതവണ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ല എന്നാണ് റിയാസിന്റെ പരാതി. കൊയിലാണ്ടി യൂണിയൻ ബാങ്കിനെതിരെയാണ് പ്രവാസി പരാതി നൽകിയിരിക്കുന്നത്. പാസ്പോട്ട് ലഭിച്ചെല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും ഒരാഴ്ചയായി മാനേജരെ ബന്ധപ്പെടുന്നുണ്ടെന്നും റിയാസ് മീഡിയ വണ്ണിനോട് സംസാരിക്കവെ വ്യക്തമാക്കി.
എന്നാൽ ഇന്നും നാളെയും ബാങ്ക് അവധി ആയതിനാൽ ഒന്നും ചെയ്യാൻ പറ്റില്ലയെന്നും തിങ്കളാഴ്ചയാണ് ഇനി സാധിക്കുക എന്നുമാണ് ബാങ്ക് മാനേജരായ രാഹുലിന്റെ വാദം. കഴിഞ്ഞ മൂന്നുവർഷമായി ജപ്തി നോട്ടീസ് അയക്കുന്നുണ്ടെന്നും പല തവണ ഇയാൾ ഒഴിഞ്ഞു മാറിയെന്നുമാണ് ബാങ്ക് മാനേജർ വ്യക്തമാക്കുന്നത്. വീട് ജപ്തി ചെയ്യുമ്പോൾ ആവശ്യമായ എല്ലാ സാധനങ്ങളും എടുക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
എന്നാൽ എല്ലാം എടുത്തു എന്നാണ് കരുതിയെതെന്നും പാസ്സ്പോട്ട് വീടിന്റെ ഉള്ളിൽ പെട്ടത് അറിയില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ റിയാസിന്റെ പ്രതികരണം.
പാസ്പോട്ട് നൽകില്ല എന്ന് മാനേജർ ഭീഷണിയോടെ അറിയിച്ചുവെന്നും റിയാസ് ആരോപിച്ചു.
ജോലി ആവശ്യത്തിന് നാളെ ഖത്തറിൽ പോകാനിരിക്കുകയാണ് റിയാസ് ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത്. നാളെ പോകാൻ പറ്റിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നും റിയാസ് അഭിപ്രായപ്പെട്ടു.