തിരുവനന്തപുരം– സിനിമ പിന്നണി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടി. ഏപ്രില്‍ 6ന് ഷൂട്ടിംഗ് ആരംഭിച്ച ‘ബേബിഗേള്‍’ സിനിമ സെറ്റില്‍ നിന്നാണ് 16 ഗ്രാം കഞ്ചാവ് പിടികൂടിയത്. സിനിമ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരില്‍ നിന്നാണ് പുസ്തക രൂപത്തിലുള്ള അറയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍.
ഹോട്ടലിലേക്ക് ഏജന്റ് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഫൈറ്റ് മാസ്റ്റര്‍മാര്‍ താമസിക്കുന്ന മുറി എക്‌സൈസ് സംഘം പരിശോധിക്കുകയായിരുന്നു. ആദ്യപരിശോധനയില്‍ ഒന്നും കണ്ടെത്താൻ കഴിയാതിരിക്കുകയും മുറിയിലുണ്ടായിരുന്ന ഒരു ഡിക്ഷ്ണറി തുറന്നപ്പോഴാണ് അത് പുസ്തകമല്ലെന്ന് മനസ്സിലായത്. താക്കോലോടു കൂടിയ ഒരു ലോക്കര്‍ സംവിധാനമായിരുന്നു ഡിക്ഷ്ണറി. അതിനുള്ളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമ സെറ്റുകളിലും ഹോസ്റ്റലുകളിലും എക്‌സൈസും പോലീസും വ്യാപക പരിശോധന നടത്തി വരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാളയത്തെ സ്റ്റുഡന്റ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു.