കോഴിക്കോട്– മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ജൂലൈ 29ന് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം നടത്താന്‍ സമരസമിതി തീരുമാനിച്ചു. നീതി നിഷേധത്തിന്റെ എട്ടുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അര്‍ഹമായ നഷ്ടപരിഹാരമോ നടപടിയോ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് സമരസമിതിയും ഹര്‍ഷിനയും ആരോപിച്ചു. കേസില്‍ 2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കേസിലെ പ്രതികളായ ഡോ. സി.കെ രമേശന്‍, ഡോ. എം ഷഹന എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു. എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ച് സൗകര്യമൊരുക്കി കൊടുത്തെന്നാണ് സമരസമിതിയുടെ ആരോപണം.
മെഡിക്കല്‍ കോളജില്‍ നിന്ന് മൂന്നാമത്തെ ശസ്ത്രക്രിയയിലാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന പോലീസ് അന്യേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിക്കളഞ്ഞിരുന്നു. രണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതി ചേര്‍ത്ത് 2023ലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ഇപ്പോഴും സ്വതന്ത്രമായി ജോലി ചെയ്യുകയാണ്. സര്‍ക്കാറും ആരോഗ്യ വകുപ്പും തനിക്കൊപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും നീതി ലഭിച്ചിട്ടില്ലെന്ന് ഹര്‍ഷിന വ്യക്തമാക്കി. ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിയമനടപടികള്‍ വേഗത്തിലാക്കണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു.