തിരുവനന്തപുരം– പാദപൂജ സംബന്ധിച്ച വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നു. അതിനായി പൊതുമാനദണ്ഡം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അക്കാദമിക് മേഖലയിലെ മത സംഘടനകളുടെ ഇടപെടൽ സംബന്ധിച്ച് ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ നടപടികളിലേക്ക് നീങ്ങുന്നത്. സ്‌കൂളുകളിൽ ഏത് മതവിഭാഗത്തെയും വ്രണിപ്പിക്കാത്ത രീതിയിലുള്ള ചടങ്ങുകൾ മാത്രം ഉണ്ടാകാൻ സമയോചിതമായ പരിഷ്‌കരണങ്ങൾ കൈക്കൊള്ളാനാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ സ്‌കൂൾ പ്രാർത്ഥനാഗാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതുക്കാനാണ് ആലോചന. വിശദമായ പഠനത്തിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
പാദപൂജ വിവാദം കനത്തതോടെ ഗവർണറുടെ നിലപാടിനെതിരെ വിദ്യാർഥി യുവജന സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെക്കൊണ്ട് കാൽ പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗമാണെന്ന ചോദ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
ഏതെങ്കിലും മതസ്ഥർക്ക് താൽപര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകൾ സ്‌കൂളുകളിൽ ഉൾപെടുത്തുന്നത് ശരിയല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ മതവിഭാഗത്തിൽ പെട്ട കുട്ടികൾക്കും പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക്കുന്നത്.
പാദപൂജ വിഷയത്തിൽ സ്‌കൂൾ അധികൃതരെ വിമർശിച്ചും പിന്തുണച്ചും പലവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ തുടരന്വേഷണങ്ങളും നടപടികളും അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.