വടകര – രാഹുൽ മങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നു എന്ന് ആരോപിച്ച്
വടകര എം.പി ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡി.വൈ.എഫ്. ഐ പ്രവർത്തകർ. തുടർന്ന് ഷാഫി പ്രതിഷേധക്കാരുടെ മുന്നിലേക്ക് ഇറങ്ങിവന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വെച്ചു. വടകരയിൽ നിന്നും പേടിച്ചു പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പോലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇതു കാര്യമാക്കാതെ ഷാഫി പ്രതിഷേധക്കാരുമായി തർക്കത്തിലാവുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെ തെറി വിളിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നായ, പട്ടി എന്നൊക്കെ വിളിച്ചാൽ അത് കേട്ടിട്ട് പോകില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അതും പറഞ്ഞു ആഭാസത്തരം കാണിച്ചാൽ മിണ്ടാതെ നിൽക്കില്ല എന്നും ഷാഫി വ്യക്തമാക്കി.
ഷാഫിയുടെ കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന പ്രവർത്തകരും പ്രതിഷേധക്കാരോട് കയർത്തു. പിണറായിയുടെ ഓഫീസിൽ പോയി പ്രതിഷേധം നടത്താനും അവിടെ പി ശശി ഉണ്ടെന്നും എന്നും പ്രവർത്തകർ പറഞ്ഞു.
ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പ്രതിഷേധക്കാരെ മാറ്റിയത്. വടകര ടൗണിൽ എംഎൽഎ കെ കെ രമ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഓണപരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് സംഭവം. പ്രതിഷേധവുമായി വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വീഴുകയായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ തെറി വിളിച്ചെന്ന് ആരോപിച്ചാണ് ഷാഫി ക്ഷുഭിതനായത്.
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തെത്തി.
“നായെ, പട്ടി” എന്നൊക്കെ വിളിച്ച് ഷാഫി പറമ്പിൽ എം.പി ക്ക് നേരെ കുരച്ചുചാടുന്ന വടകരയിലെ സിപിഎം-ഡിഫി ഗുണ്ടകളോടാണ്..
മാന്യമായി സമരം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റെ മറവിൽ ഷാഫിയുടെ നേരെ വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ വടകരയിലെ ക്രിമിനൽ സംഘത്തെ നന്നായിട്ട് അറിയാം. അവരോട് പടപൊരുതി തന്നെയാണ് ഇത്രയും കാലം ഈ മണ്ണിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയത്. ഷാഫി പാർലമെന്റിൽ എത്തിയതും അങ്ങനെ തന്നെയാണ്, അല്ലാതെ ഓട് പൊളിച്ചിട്ടില്ല.
പാലക്കാട് നിന്നും വടകര കൊണ്ടുവന്നു ഷാഫിയെ വിജയിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഷാഫിയെ സംരക്ഷിക്കാനും ഞങ്ങൾക്കറിയാം.
ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്
ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്ന മുൻ എം. എൽ. എ മസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഫെയിസ് ബുക്കിൽ കുറിച്ചു.