കണ്ണൂർ ∙ ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
നാളെ സൗദി അറേബ്യയിലേക്ക് പോകാനിരുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രി ജിസിൻ കുപ്പി ഏൽപ്പിച്ചിരുന്നു. മിഥിലാജിന്റെ സഹപ്രവർത്തകന് കൊടുക്കാനായിരുന്നു ഈ കുപ്പി. എന്നാൽ, കുപ്പിക്ക് സീൽ ഇല്ലാതിരുന്നത് വീട്ടുകാർക്ക് സംശയം ജനിപ്പിച്ചു. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ, ചെറിയ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തി. സംശയം തോന്നിയ വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു.


പൊലീസ് നടത്തിയ പരിശോധനയിൽ 2.6 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി. അർഷദ് (31), കെ.കെ. ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.