കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. അമ്പയത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.
തലയ്ക്ക് ഉൾപ്പെടെ ഗുരുതര പരുക്കേറ്റ യുവതിയെയും മകളെയും തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തിയതായും ഇന്ന് രാവിലെ പത്തോടെ താമരശ്ശേരി പോലീസ് പ്രതികരിച്ചു. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് മർദ്ദിച്ചതായി യുവതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ലഹരിക്കടിമയായ നൗഷാദ് ഇന്നലെ രാത്രി വീട്ടിലെത്തി ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് തടയാനായെത്തിയ എട്ടുവയസുകാരിയായ മകൾക്കും നൗഷാദിന്റെ മാതാവിനും മർദ്ദനത്തിൽ പരുക്കേറ്റു. നസ്ജയുടെ തലക്കും ദേഹത്തുമാണ് മർദ്ദനമേറ്റത്. രാത്രി പത്തിന് ആരംഭിച്ച മർദ്ദനം രണ്ട് മണിക്കൂറോളം നീണ്ടു. മർദ്ദനത്തിന് പിന്നാലെ നസ്ജയെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി നൗഷാദ് വീടിന് ചുറ്റും ഓടിക്കുകയുമുണ്ടായി. തുടർന്ന് നസ്ജയും മകളും വീട് വിട്ടോടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വീണും പരുക്കേൽക്കുകയുണ്ടായി. മനം നൊന്ത് വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മുമ്പും ഭർത്താവ് ക്രൂരമായി ആക്രമിച്ചതായി നസ്ജ പോലീസിന് മൊഴി നൽകി.
മർദ്ദനമേറ്റ് തളർന്ന നസ്ജയെയും മകളെയും നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഒരുവേള വാഹനത്തിന് മുമ്പിൽ ചാടി ജീവൻ വെടിയണമെന്ന് ആഗ്രഹിച്ചുപോയെന്ന യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നാട്ടുകാർ ശ്രവിച്ചത്. നാട്ടുകാരുടെയ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ സംഭവത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. സംഭവത്തിൽ ഗൗരവപരമായ ഇടപെടൽ ഉണ്ടാകണമെന്നും യുവതിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.
കഴിഞ്ഞദിവസം തേനീച്ച കുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളുമായി ഇന്നലെ വീട്ടിൽ തിരികെയെത്തിയ സമയത്തായിരുന്നു നൗഷാദിന്റെ ക്രൂര മർദ്ദനമുണ്ടായത്.