കോഴിക്കോട്– കോഴിക്കോട് നഗരത്തിൽ ജനപ്രിയമായ കുറ്റിച്ചിറ കുളത്തിൽ വീണ്ടും മുങ്ങിമരണങ്ങൾ തുർക്കഥയാകുന്നു. പുലിപ്പറമ്പ് പയ്യാനക്കൽ സ്വദേശിയായ യഹിയ (17) ആണ് ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം നീന്താനെത്തിയപ്പോൾ കുളത്തിൽ മുങ്ങി മരണപ്പെട്ടത്
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി നിരവധി മുങ്ങിമരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടം വർധിപ്പിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
കുറ്റിച്ചിറ കുളം, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നീന്തൽ കേന്ദ്രമാണ്. നവീകരണത്തിന് ശേഷം സന്ദർശകർ കൂടുതലായി എത്തുന്ന സ്ഥലമായെങ്കിലും വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളും, അടിയന്തര സഹായ സംവിധാനങ്ങളും ഇല്ലാതെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
നന്നായി നീന്തൽ അറിയുന്നവർക്കും അപകട സാധ്യതയുള്ള സ്ഥലം എന്ന നിലയിലാണ് നാട്ടുകാർ ഈ സ്ഥലം വിശേഷിപ്പിക്കുന്നത്. നഗര കോർപ്പറേഷനിന്റെ മേൽനോട്ടത്തിലുള്ള കുളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, നിയന്ത്രണങ്ങൾ വരുത്തുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സാധാരണക്കാർ സ്വയം ജാഗ്രത പാലിക്കേണ്ടതുമാണ്, പക്ഷേ അതിനൊപ്പം തന്നെ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ കൂട്ടിച്ചേർന്നു.