കൊച്ചി- മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തിന് ശേഷം ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലുള്ള ഷാഫിയുടെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ പതിനാറിനാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. സംവിധായകൻ പരേതനായ സിദ്ദീഖ്, ഷാഫിയുടെ അമ്മാവനാണ്. 2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. പുലിവാൽ കല്യാണം, കല്യാണ രാമൻ, മായാവി, തൊമ്മനും മക്കളും, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, ടു കൺട്രീസ് തുടങ്ങിയ നിരവധി ഹിറ്റുകൾ ഷാഫി ഒരുക്കിയിട്ടുണ്ട്.
ജനുവരി 16- നാണ് ഷാഫിക്ക് ഹൃദയാഘാതം സംഭവിച്ചത്. ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് ഷാഫി കഴിയുന്നത്. എംഎച്ച് റഷീദ് എന്ന പേരിൽ ജനിച്ച അദ്ദേഹം പിന്നീട് ഷാഫി എന്ന പേരിലാണ് അറിയപ്പെട്ടത്. മമ്മൂട്ടി, ദിലീപ്, ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, കലാഭവൻ മണി, പൃഥ്വിരാജ് സുകുമാരൻ, ഭാവന, മംമ്ത മോഹൻദാസ്, കൊച്ചിൻ ഹനീഫ, കാവ്യാ മാധവൻ, നവ്യ നായർ തുടങ്ങി മലയാളത്തിലെ നിരവധി പ്രമുഖർക്കൊപ്പം ഷാഫി പ്രവർത്തിച്ചിട്ടുണ്ട്.2022ൽ പുറത്തിറങ്ങിയ ഷറഫുദ്ദീൻ്റെ ആനന്ദം പരമാനന്ദമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.