തിരുവനന്തപുരം– ലൈംഗിക പീഡന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. നിലവിൽ തൊടുപുഴയിൽ കാർ തടഞ്ഞുവെച്ച് ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും.
രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഡി.ജി.പി.ക്കും പ്രത്യേക അന്വേഷണ സംഘത്തിനും (SIT) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സിറ്റി ഡി.സി.പി. അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല.
രണ്ട് ദിവസം മുൻപ് യുവതിയുടെ രഹസ്യമൊഴിയും വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് രേഖപ്പെടുത്തിയിരുന്നു. ഇതിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ അതീവ രഹസ്യമായാണ് അന്വേഷണവും തുടർനടപടികളും പൂർത്തിയാക്കിയത്.



