കൊണ്ടോട്ടി- അർബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയുടെ ജീവന് വേണ്ടി കരളുരുകും പ്രാർത്ഥനായിലായിരുന്നു നാടൊന്നാകെ. അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി നാട് ഒന്നാകെ കൂടെനിന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും അവസാനിച്ച് മൈമൂന വിടവാങ്ങി. പുളിക്കൽ പെരിയമ്പലം ചാമപ്പറമ്പ് കാടൽത്തൊടി മുജീബിന്റെ ഭാര്യ മൈമൂന(42)ക്ക് വേണ്ടിയാണ് നാട് പ്രാർത്ഥനയിലും പ്രവർത്തനങ്ങളിലും മുഴുകിയിരുന്നത്.
ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിന് വേണ്ടി ഈ മാസം 26ന് ചാമപ്പറമ്പിൽ ബിരിയാണി ചലഞ്ച് നടത്താനിരിക്കുകയായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുകയും ചെയ്തിരുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ഏഴായിരത്തോളം പേരാണ് ബിരിയാണി ചലഞ്ചിന് പിന്തുണ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ രോഗം മൂർച്ഛിക്കുകയും ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു.
ചാമപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാമപ്പറമ്പ് റിലീഫ് കൂട്ടായ്മയാണ് യുവതിയുടെ ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി രംഗത്തെത്തിയിരുന്നത്. ഏതാനും ദിവസം മുമ്പ് ആരംഭിച്ച പ്രവർത്തനം അന്തിമഘട്ടത്തിലെത്തിയിരുന്നു. എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിരിക്കെ ഇന്ന് രാവിലെ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക് ചാമപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മക്കൾ: നബീൽ, ലുബ്ന, നജീബ, നഹ് ന. മരുമകൻ- മരുമകൻ: ഫവാസ് കിഴിശ്ശീരി.