കണ്ണൂർ – ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് നീതിയുടെ വിജയമെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. ഗൂഢാലോചന കുറ്റം ചുമത്തി സുധാകരനെ ഈ കേസിൻ്റെ പേരിൽ വർഷങ്ങളായി വേട്ടയാടുന്ന സി.പി.എം നേതൃത്വം ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് പതിറ്റാണ്ടുകളായി കെ.സുധാകരൻ്റെ ചോരയ്ക്കായി പാഞ്ഞു നടക്കുന്ന സി.പി.എം നേതൃത്വം കോടതി വിധി ഉൾക്കൊണ്ട് അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം. എന്തൊക്കെ ദുഷ്പ്രചരണങ്ങളാണ് സി പി എം ഇക്കാലമത്രയും നടത്തിയത്? ഗുണ്ടയെന്നും ക്രിമിനലെന്നുമൊക്കെ വിശേഷിപ്പിച്ച് കെ. സുധാകരനെ വ്യക്തിഹത്യ നടത്താൻ സി പി എം ശ്രമിച്ചപ്പോഴൊക്കെ കെ. സുധാകരന് പൊതു സമൂഹത്തിൽ ഇക്കാലമത്രയും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിൻ്റെ ജനപിന്തുണ നാൾക്കുനാൾ വർധിച്ചതേയുള്ളൂ എന്ന വസ്തുത മനസിലാക്കണം.
ഹൈക്കോടതി വിധിക്കെതിരെ പൊതുഖജനാവിൽ നിന്ന് പണം എടുത്തുകൊണ്ട് സുപ്രീം കോടതിയിൽ പോകാൻ സർക്കാരിനോടുള്ള ഇ പി ജയരാജന്റെ അഭ്യർത്ഥന ജനങ്ങളോടുള്ള വെല്ലുവിളിയാണ് . ഹൈക്കോടതി വിധിയോടെ കെ.സുധാകരനെന്ന ജനനേതാവിൻ്റെ നിരപരാധിത്വം തെളിഞ്ഞിരിക്കുകയാണ്. കൂടുതൽ കരുത്തോടെ പ്രസ്ഥാനത്തെ നയിക്കാൻ കെ. സുധാകരന് ഊർജമാകും ഹൈക്കോടതി വിധിയെന്ന് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.