തൃശൂർ: സാഹിത്യ നിരൂപകനും റിട്ട.അധ്യാപകനുമായ എം.ആർ ചന്ദ്രശേഖരൻ (96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കുശേഷം രണ്ടുദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്.
ശ്രദ്ധേയനായ നിരൂപകനായിരുന്ന എം.ആർ.സിയുടെ പേരിൽ അമ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണത്തിൽ കേരള സാഹിത്യ ആക്കാദമി അവാർഡും വിവർത്തനത്തിന് എം.എൻ സത്യാർഥി പുരസ്‌കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിലും നിർവാഹകസമിതിയിലും അംഗമായിരുന്നു, കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു.
മുണ്ടശേരിയുടെ നവജീവൻ, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊടകര നാഷണൽ ഹൈസ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യന് കോളജിലും അധ്യാപകനായിരുന്നു. പയ്യന്നൂർ കോളജിൽനിന്നാണ് വിരമിച്ചത്. എ കെ പി സി ടി എ നേതാവായിരുന്നു.
തൃശൂർ പോട്ടോരിലാണ് ജനനം. തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂൾ, കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ പരേതയായ വിജയകുമാരി.