തിരുവനന്തപുരം– ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീകളെ ശല്യപ്പെടുത്തിയെന്ന വകുപ്പുകൾ ചുമത്തിയാണ് നടപടി. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പുറത്തുവന്ന സംഭാഷണങ്ങളിൽ രാഹുൽ വധഭീഷണി മുഴക്കിയത് ഗൗരവമുള്ള കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പോലീസ് മേധാവി കേസെടുക്കാൻ ഉത്തരവിട്ടത്.
ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉയർന്നെങ്കിലും, ഇതുവരെ സ്ത്രീകൾ നേരിട്ട് പോലീസിൽ പരാതി നൽകിയിട്ടില്ല. ഇതിനാൽ, കേസെടുക്കുന്നതിന് മുൻപ് പോലീസ് നിയമോപദേശം തേടിയിരുന്നു.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയിരുന്നു.