കൊച്ചി: മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ എം.എം ലോറൻസ് (95) അന്തരിച്ചു. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ഇടതുമുന്നണി കൺവീനർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായും പ്രവർത്തിച്ചു.
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15-നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു.
1946-ൽ 17-ാം വയസ്സിലാണ് ലോറൻസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാളായിരുന്നു. 1950-ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പോലീസ് മർദ്ദനത്തിന് ഇരയായി. രണ്ടു വർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു. 1965-ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തരാവസ്ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളിൽ കഴിഞ്ഞു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) ആദ്യ തലമുറ നേതാക്കളിൽ ഒരാളായിരുന്ന ലോറൻസ് 1964-ൽ സി.പി.ഐ പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേരുകയായിരുന്നു. കൊച്ചിയിലെ തുറമുഖ, ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ്. പാർട്ടിയിൽ പുകഞ്ഞ പല വിഭാഗീയ ചേരിതിരിവുകളിൽ ഔദ്യോഗിക നേതൃത്വത്തിനൊപ്പം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ സജീവൻ, സുജാത, അഡ്വ. എം.എൽ അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കൽ ലോറൻസിന്റെ ജേഷ്ഠനാണ്. എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ പരേതരായ ജോർജ്, ഫ്രാൻസിസ് എന്നിവരാണ് മറ്റു സഹോദരങ്ങൾ.