തിരുവനന്തപുരം– മുൻ സിപിഎം എംഎല്‍എ ഐഷാ പോറ്റി പാർട്ടി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റി പാർട്ടിയുടെ അംഗത്വം എടുക്കുകയായിരുന്നു. സമരപ്പന്തലിലെത്തിയ ഇവരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരണം നൽകി.
കഴിഞ്ഞ കുറെ നാളായി സിപിഎമ്മുമായി അകന്നു നിന്നിരുന്ന ഐഷാ പോറ്റി കൊട്ടാരക്കരയില്‍ മൂന്ന് തവണ സിപിഎം സീറ്റിൽ മത്സരിച്ച് എംഎല്‍എയായിരുന്നു. ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുക്കുന്നതിനിടെയാണ് ഇവർ കോണ്‍ഗ്രസ് വേദിയില്‍ എത്തി അംഗത്വം എടുത്തത്. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് ഐഷാ പോറ്റി കൊട്ടാരക്കര എംഎല്‍എയായത്. 12968 വോട്ടുകള്‍ക്കാണ് ഇവർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചത്. തുടർന്ന് 2011ൽ 20592 ആയും 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ച് വീണ്ടും കൊട്ടാരക്കര എംഎല്‍എ പദവിയിൽ ഇരുന്നു. 2016 പിണറായി സർക്കാരിൽ മന്ത്രിപദവി ഉറപ്പിച്ച വനിതാ നേതാവായിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. തുടർന്ന് 2021ൽ സീറ്റ് ലഭിക്കാതെയും വന്നതോടെ പാർട്ടിയുമായി അകലുകയായിരുന്നു. ഉമ്മന്‍ചാണ്ടി അനുസമരണ വേദികളില്‍ സജീവമായതോടെ കോണ്‍ഗ്രസിലേക്കെന്ന് ചര്‍ച്ച സജീവമായെങ്കിലും അവര്‍ തുടക്കത്തില്‍ നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസിൽ അംഗത്വം എടുത്ത ശേഷം മാധ്യമങ്ങളെ കണ്ട ഇവർ പാർട്ടി അവഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നുമാണ് പറഞ്ഞത്. സിപിഎമിനോട് ഒരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി വ്യക്തമാക്കി. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെയാണ് സിപിഎം വിട്ട് കോണ്‍ഗ്രസിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിൽ വരുന്നതെന്നും താന്‍ അധികാര മോഹിയല്ലെന്നും ഐഷാ പോറ്റി പറഞ്ഞു.



