തിരുവനന്തപുരം- മുസ്ലിം ലീഗുമായുള്ള സഖ്യസാധ്യതയും അനുനയ നീക്കവും അവസാനിപ്പിച്ച് കടുത്ത രീതിയിൽ പ്രചാരണം അഴിച്ചുവിടാൻ സി.പി.എം. നിലവിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരോടുള്ള സമാന സമീപനമായിരിക്കും ലീഗിനോടും ഇനി മുതൽ പാർട്ടി സ്വീകരിക്കുക. ന്യൂനപക്ഷങ്ങളോടുള്ള രാഷ്ട്രീയ ലൈൻ പൊളിച്ചെഴുതാനും സി.പി.എം തീരുമാനിച്ചു. ആർ.എസ്.എസും സംഘ്പരിവാറും ഉയർത്തുന്ന വർഗീയ ഭീഷണികളെ ചെറുക്കുന്നതിനൊപ്പം ന്യൂനപക്ഷ വർഗീയതയെയും തുറന്നുകാണിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ന്യൂനപക്ഷ വർഗീയതയെ തുറന്നുകാണിക്കുന്നതിൽ പാളിച്ചയുണ്ടായി എന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിനെ സി.പി.എം നേതാക്കൾ നിരവധി തവണ പുകഴ്ത്തി സംസാരിച്ചിരുന്നു. ലീഗിനെ യു.ഡി.എഫിൽനിന്ന് അടർത്തിമാറ്റി തങ്ങൾക്കൊപ്പം നിർത്തി ന്യൂനപക്ഷ സാന്നിധ്യം കൂട്ടാമെന്നായിരുന്നു സി.പി.എം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് ഫലവത്തായില്ല. മാത്രമല്ല, ലീഗ് നേതൃത്വം വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ കക്ഷികളുമായി കൂട്ടുചേർന്നുവെന്നും സി.പി.എം കണക്കാക്കുന്നു. തുടർന്നാണ് ലീഗിനെയും വെൽഫെയർ, എസ്.ഡി.പി.ഐ കക്ഷികൾക്കൊപ്പം പരിഗണിച്ച് പ്രചാരണം നടത്താൻ സി.പി.എം തീരുമാനിച്ചത്.