കോഴിക്കോട്- കേരളത്തിലും പുറത്തും മലയാളികൾക്കിടയിൽ അതിവേഗം പ്രചാരം നേടുന്ന മെക്7 എന്ന വ്യായാമ മുറക്കെതിരെ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ രംഗത്ത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റർ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരിൽ ചിലരെ പറ്റി അന്വേഷിച്ചപ്പോൾ അവർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ് എന്ന വിവരം ലഭിച്ചതായി മോഹനൻ മാസ്റ്റർ പറഞ്ഞു.
ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമ മുറ എന്ന പേരിൽ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവടങ്ങളിൽ കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിൻമാർ പോപ്പുലർ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇവരെ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്. പത്തു പൈസ ഫീസില്ല. ആദ്യം ഒന്നു രണ്ടുപേർ പരിശീലനം നൽകാനായി വരും. പിന്നീട് കൂട്ടത്തിലുള്ള ആരെങ്കിലും ചെയ്താൽ മതി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെയും കൂട്ടിയുള്ള ഏർപ്പാടാണിതെല്ലാം എന്നും മോഹനൻ മാസ്റ്റർ ആരോപിച്ചു.
പ്രവാസികൾ അടക്കുള്ള മലയാളികളിൽ അതിവേഗം പ്രചാരം നേടുന്ന വ്യായാമ മുറയാണ് മെക്7. യോഗയും ധ്യാനവും അക്യുപ്രഷറും ഉൾപ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറയാണിത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കൽ സ്വദേശിയും വിമുക്‌ത ഭടനുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീനാണ് ഇതിന് രൂപം നൽകിയത്. ഇരുപത് വർഷത്തോളം സൈന്യത്തിൽ സേവനം ചെയ്ത ശേഷമാണ് സലാഹുദ്ദീൻ നാട്ടിലെത്തിയത്. 2012 ജൂലൈയിൽ തുറക്കലിലാണ് ഇതിന് തുടക്കം കുറിച്ചത്.
മൾട്ടി എക്സർസൈസ് കോംപിനേഷൻ എന്നാണ് മെക്7നെ വിളിക്കുന്നത്. എയ്‌റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ധ്യാനം, ഫെയ്‌സ് മസാജ് എന്നീ 7 ഇനങ്ങളെയാണു പേര് സൂചിപ്പിക്കുന്നത്. ഈ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. സൈനിക സേവനത്തിനിടെയാണ് ഇക്കാര്യം സ്വായത്തമാക്കിയത് എന്നാണ് സലാഹുദ്ദീൻ പറയുന്നത്. ഏതു പ്രായക്കാർക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.