ഇടുക്കി: മുന്നണി മാറ്റം വേണമെന്ന് ഇടുക്കി ജില്ലാ കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യം. എല്‍ഡിഎഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. സിപിഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ വന്നതുകൊണ്ട് യാതൊരുഗുണവുമുണ്ടായില്ലെന്നും പ്രതിനിധികള്‍ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കില്‍ സിപിഐയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചേനെ. സ്വന്തം വകുപ്പുകള്‍ക്കുള്ള പണം പോലും സിപിഐ മന്ത്രിമാര്‍ക്ക് ധനവകുപ്പില്‍ നിന്ന് വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. ഇടുക്കിയിലെ തോല്‍വിയുടെ കാരണവും പാര്‍ട്ടി മന്ത്രിമാരുടെ മോശം പ്രകടനമാണെന്നും ജില്ലാ കൗണ്‍സിലില്‍ പ്രതിനിധികള്‍ പറഞ്ഞു.
സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന് ഉള്‍പ്പെടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് ജില്ലയിലും മുന്നണിയ്ക്ക് കാര്യമായി പ്രയോജനമൊന്നുമുണ്ടായില്ല. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലുള്‍പ്പെടെ യുഡിഎഫിനായിരുന്നു ലീഡ്. എന്നിട്ടും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.