തിരുവനന്തപുരം: പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മന്ത്രി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിവാദ പരാമർശത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവ് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
2022 ജൂലൈ മൂന്നിനു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ മൊഴി എടുത്തില്ലെന്ന് നിരീക്ഷിച്ച കോടതി മന്ത്രി ഉപയോഗിച്ച വാക്കുകളിൽ അനാദരവുണ്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
മന്ത്രിയെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അഡ്വ. ബൈജു നോയൽ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് അഡ്വ.ബൈജു നോയൽ കോടതിയെ സമീപിച്ചത്. സജി ചെറിയാന്റെ മന്ത്രി പദവിക്ക് വരെ ഭീഷണിയായേക്കാവുന്ന നിരീക്ഷണവും തുടർ നടപടികളുമാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്.
തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവുണ്ടായതെന്നും വിധി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.